ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനോടൊപ്പം എത്തിയ കാമുകിയെ വീട്ടില്‍ കയറ്റിയില്ല. ഇതേ തുടര്‍ന്ന് വന്‍ ബഹളം ഉയര്‍ന്നതോടെ പോലീസ് എത്തുകയും ഇരുവരെയും സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. കോട്ടയം അയ്മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഷാര്‍ജയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ യുവതി കാമുകനെ കൊട്ടാരക്കരയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം യുവതി കോട്ടയത്തേക്കുപോന്നു. അയ്മനത്തെ വീട്ടിലെത്തിയ യുവതിയെ വീട്ടുകാര്‍ കയറ്റാന്‍ വിസമ്മതിച്ചതോടെ ബഹളമായി. സംഭവം അറിഞ്ഞ പോലീസ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന് വഴങ്ങി.
വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് കാമുകനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി. പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
ഒത്തുതീര്‍പ്പായതോടെ ബുധനാഴ്ച കോട്ടയം നഗരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ മാലയിടാന്‍ കമിതാക്കളും ഇരുവീട്ടുകാരുമെത്തി. തുടര്‍ന്ന് വിവാഹശേഷം വരന് പെണ്‍വീട്ടിലേക്കു പോകണമെന്ന ആവശ്യം യുവതി ഉന്നയിച്ചതോടെ വീണ്ടും തര്‍ക്കം തുടങ്ങി. വിടില്ലെന്ന് കാമുകന്റെ വീട്ടുകാരും കൊണ്ടുപോകുമെന്ന് കാമുകിയും നിലപാടെടുത്തതോടെ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തി. ഈസമയം, ക്ഷേത്രനട അടച്ചതോടെ വിവാഹം മുടങ്ങി. ഇതോടെ കമിതാക്കളെ പോലീസ് വീണ്ടും സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പിന്നാലെ കോട്ടയത്തെത്തിയ മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛന് കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ഇതോടെ യുവതിയെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കമിതാക്കളെ ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചു. ഇരുവരും കാമുകിയുടെ വീട്ടുകാര്‍ക്കൊപ്പം കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയും ചെയ്തു.


