അക്രമത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് ആരോപണം
പത്തനാപുരം: സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ രശ്മി നായരുടെ വീട്ടിന് നേരെ കല്ലെറിഞ്ഞ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് മൂന്ന് മണിയോടെയാണ് ഈ സംഭവം നടന്നതെന്ന് രശ്മി പറയുന്നു. പത്തനാപുരം കരിമ്പാലൂരുള്ള തന്റെ വീട്ടിലേക്ക് ‘ശബരിമലയ്ക്ക് പോകുമല്ലേടി’ എന്ന് ചോദിച്ച് അക്രമി തുടര്‍ച്ചയായി കല്ലെറിയുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇയാള്‍ സിറ്റൗട്ടിലേക്ക് കയറി വന്നു. തുടര്‍ന്ന് ഇയാളെ അവിടെ നിന്നും ഇറക്കി വിട്ടപ്പോള്‍ വീട്ടിന്റെ മതിലിന് പുറത്തു നിന്ന് വീണ്ടും കല്ലെറിയുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ പൊലീസ് വന്ന് അക്രമിയെ കൊണ്ടു പോയി. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍വാസിയായ ഇയാളുടെ പേര് രാജന് എന്നാണെന്നും രശ്മി പറയുന്നു.


