തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കേണ്ടി വരുമെന്നാണ് ഇതില്‍ പ്രധാനം. പ്രളയത്തില്‍ പമ്പ ത്രിവേണി പൂര്‍ണമായും തകര്‍ന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
മണ്ഡലകാലത്ത് ശരാശരി 4 കോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ സത്രീകള്‍ക്കു കൂടി ഇനി താമസ , ശുചിമുറി സൗകര്യങ്ങള്‍ അധികമായി കണ്ടെത്തേണ്ടതായി വരും. സന്നിധാനത്ത് താമസത്തിന് നിലവില്‍ നാമമാത്ര സൗകര്യങ്ങളാണ്. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ളത് 50 ഏക്കറില്‍ താഴെ ഭൂമി മാത്രമാണ്. 1 ഏക്കര്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബോര്‍ഡ് വിശദമാക്കിയിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ ഉള്‍പ്പെടുന്നതിനാല്‍ ഭൂമി വിട്ടുകിട്ടല്‍ എളുപ്പമല്ല. സുരക്ഷയാണ് മറ്റൊരു പ്രശ്നം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ വനിതാ സുരക്ഷാ സേനാംഗങ്ങളെ നിയമിക്കണം. കാനന പാത അടക്കമുള്ള സ്ഥലങ്ങളിലും സുരക്ഷാ ശക്തിപ്പെടുത്തണം. ത്രിവേണിയില്‍ ശൗചലായങ്ങള്‍ നിലവിലുള്ളത് 500 ല്‍ താഴെയാണ്. താമസത്തിനോ വിശ്രമത്തിനോ സൗകര്യങ്ങളില്ല. ത്രിവേണിയില്‍ പ്രത്യേക സ്നാനഘട്ടവും ഒരുക്കേണ്ടതായിവരും. പ്രാഥമിക ആവശ്യങ്ങള്‍ക്കും നിലക്കലിലും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. തിരക്കുള്ള സമയത്ത് മിനിട്ടില്‍ 80 പേര്‍ക്കാണ് പതിനെട്ടാം പടി കയാറാനാകുക. വനിതകള്‍ക്കായി ദര്‍ശനത്തിനും വഴിപാടുകള്‍ക്കും പ്രത്യേക ക്യൂവ്യും ഒരുക്കേണ്ടി വരുമെന്നത് ദേവസ്വം ബോര്‍ഡിന് തലവേദനയാകാനിടയുണ്ട്.