വുഹാന്‍: കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിലെ ആളൊഴിഞ്ഞ തെരുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് ബാഗുമായി മുഖം മറച്ച നരച്ച തലമുടിയുള്ള ഒരാള്‍ മരിച്ചു കിടന്നു. എപ്പോഴും തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന വുഹാനിലെ തെരുവുകളില്‍ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരാകട്ടെ കടന്നുപോകുമ്പോഴും മരിച്ചുകിടക്കുന്നയാളെ ഒന്ന് നോക്കുക മാത്രമാണ് ചെയ്യുന്നത്.
എഎഫ്പിയിലെ മാധ്യമപ്രവര്ത്തകന് വ്യാഴാഴ്ചയാണ് ആ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഒരു എമര്‍ജന്‍സി വാഹനം പറന്നെത്തി ആ മൃതദേഹവുമായി പോയി. മൃതദേഹം കൊണ്ടുപോകാനെത്തിയവരെല്ലാം സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. പൂട്ടിക്കിടക്കുന്ന ഫര്‍ണിച്ചര്‍ ഷോപ്പിന് മുമ്പിലായിരുന്നു അയാള്‍ മരിച്ചുകിടന്നത്. എമര്‍ജന്‍സി വാഹനത്തിലെത്തിയവര്‍ അയാളൊ ഒരു നീലക്കപുതപ്പിനുള്ളിലാക്കി കൊണ്ടുപോകുകയായിരുന്നു.
അറുപത് വയസ്സ് പ്രായം തോന്നിക്കുന്നയാള്‍ മരിച്ചതെങ്ങനെയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍ ആ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഭയം അവിടെ കൂടിനിന്ന് പൊലീസുകാരിലും എമര്‍ജന്‍സി വാഹനത്തിലെത്തിയവരിലും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.