പെരുമ്പാവൂര്‍: പെരുമ്പാവൂരിന്റെ സമഗ്ര വിദ്യഭ്യാസ പദ്ധതിയായ ‘ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ ‘വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണിത്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി പുതിയ സ്കൂള്‍ മന്ദിരങ്ങള്‍, സ്കൂള്‍ ബസ്സുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ലാപ്പ്ടോപ്പുകള്‍, അടുക്കള കെട്ടിടങ്ങള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യഭ്യാസ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പുതിയ സ്കൂള്‍ മന്ദിരങ്ങള്‍
പെരുമ്പാവൂര്‍ മണ്ഡലത്തിലെ 9 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക വികസനത്തിനായി പുതിയ അക്കാദമിക്ക് ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിന് സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ 6 സ്കൂളുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. കഴിഞ്ഞ 2 വര്‍ഷങ്ങളിലെ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.69 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഗവ. എല്‍.പി.എസ്,കാഞ്ഞിരക്കാട് ( 20 ലക്ഷം ),
ഗവ. വി.എച്ച്.എസ്.എസ്,ഇരിങ്ങോള്‍ ( 80 ലക്ഷം), ഗവ. എല്‍.പി.എസ് വേങ്ങൂര്‍ (73 ലക്ഷം), ഗവ. എല്‍.പി.എസ്,വാണിയപ്പിള്ളി ( 44 ലക്ഷം ), ഗവ. എല്‍.പി.എസ്, പുല്ലുവഴി (55 ലക്ഷം ), ഗവ. എല്‍.പി.എസ്,വളയന്‍ചിറങ്ങറ ( 66 ലക്ഷം ), ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കുറുപ്പംപടി ( 43 ലക്ഷം ), ഗവ. എല്‍.പി.എസ്, തുരുത്തി (23 ലക്ഷം ),ഗവ. യു.പി.എസ്, കീഴില്ലം ( 65ലക്ഷം ) എന്നിങ്ങനെയാണ് പദ്ധതിയ്ക്കായി തുക വിനിയോഗിച്ചിരിക്കുന്നത്.
സ്കൂള്‍ ബസ്സുകള്‍
വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കായി 4 സ്കൂളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ബസ്സുകള്‍ അനുവദിച്ചത്. ഈ വര്‍ഷം 3 സ്കൂളുകള്‍ക്ക് കൂടി ബസ്സുകള്‍ നല്‍കുന്നുണ്ട്. ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപയാണ് 7 ബസ്സുകള്‍ക്കായി ആകെ അനുവദിച്ചത്.
ഗവ. എല്‍.പി.എസ് ( ഗേള്‍സ് ), പെരുമ്പാവൂര്‍, ഗവ. യു.പി.എസ്, അശമന്നൂര്‍, ഗവ. എച്ച്.എസ്.എസ്,ചേരാനല്ലൂര്‍, ഗവ. എച്ച്. എസ്.എസ് ( ബോയ്സ് ), പെരുമ്പാവൂര്‍, ഗവ. വി.എച്ച്.എസ്.എസ്, ഓടക്കാലി, ‘ഗവ. യു.പി.എസ്, മുടക്കുഴ, മുടക്കുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍ എന്നീ വിദ്യാലങ്ങള്ക്കാണ് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ബസ് അനുവദിച്ചത്.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ആരംഭിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോവര്‍ പ്രൈമറി വിഭാഗം സ്കൂളുകളിലെ 41 ക്ലാസ് മുറികള്‍ ഹൈടെക് ക്ലാസ് മുറികള്‍ ആക്കി മാറ്റി. വരുന്ന 4 വര്‍ഷങ്ങള്‍ കൊണ്ട് ലോവര്‍ പ്രൈമറി വിഭാഗത്തിലെ ക്ലാസ് മുറികള്‍ മുഴുവന്‍ സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറും. 26 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്.
ലാപ്പ്ടോപ്പുകള്‍
മണ്ഡലത്തിലെ 63സ്കൂളുകള്‍ക്ക് 129 ലാപ്പ്ടോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി നല്കി. യു.പി വിഭാഗം വരെയുള്ള മുഴുവന്‍ സ്കൂളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വര്‍ഷം തന്നെ പെരുമ്പാവൂര്‍ ഗവ. പോളിടെക്നിക് കോളേജിന് കംപ്യുട്ടര്‍ ലാബിലേക്ക് 50 ലാപ്പ്ടോപ്പുകളും നല്‍കും. സ്കൂളുകള്‍ക്ക് 40 ലക്ഷം രൂപയും പോളിടെക്നിക്ക് കോളേജിന് 16 ലക്ഷം രൂപയും ഉള്‍പ്പെടെ 179 ലാപ്പ്ടോപ്പുകള്‍ക്ക് 56 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും വിനിയോഗിച്ചത്.
അടുക്കള കെട്ടിടങ്ങള്‍
ഗവ, ഏയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് 2പുതിയ അടുക്കള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചു. ഈ വര്‍ഷം ഒരു വിദ്യാലയത്തിന് കൂടി പുതിയ അടുക്കള കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക നല്‍കിയിട്ടുണ്ട്. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആസ്തി വികസന ഫണ്ടില്‍ നിന്നും ആകെ 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
ഗവ. എല്‍.പി.എസ് ( ബോയ്സ് ) പെരുമ്പാവൂര്‍, എം.റ്റി എല്‍.പി.എസ് ഇരിങ്ങോള്‍, എം.റ്റി എല്‍.പി.എസ്, വെങ്ങോല എന്നീ വിദ്യാലങ്ങള്ക്കാണ് പദ്ധതിയുടെ ഭാഗമായി അടുക്കള കെട്ടിടങ്ങള്‍ അനുവദിച്ചത്.
ഇവ കൂടാതെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിവിധ സ്ഥാപനങ്ങളുടെ പൊതു നന്മ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളാണ് പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതി, ഒരു തൈ നടാം പദ്ധതി, ഫോര്‍ ഫ്യുച്ചര്‍ വിദ്യാഭ്യാസ പരിശീലന കളരികള്‍, അവാര്‍ഡുകള്‍.
പീപ്പ് ( പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതി )
മണ്ഡലത്തിലെ സ്കൂളുകള്‍ വഴിയാണ് പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ പീപ്പ് ( പെരുമ്പാവൂര്‍ എന്‍വയോണ്‍മെന്റ് എന്റീച്ച്മെന്റ് പ്രോഗ്രാം ) ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. മുഴുവന്‍ സ്കൂളുകളില്‍ നിന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്ന5 വര്‍ഷം നീണ്ടു നില്ക്കുന്ന ഒരു സമഗ്ര പരിസ്ഥിതി പദ്ധതിയാണ് പീപ്പ്.
ഒരു തൈ നടാം – ഫലവൃക്ഷ വ്യാപന പദ്ധതി
ഫലവൃക്ഷതൈകളുടെ പ്രചാരണത്തിനും, പക്ഷികളുടെ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി 5 വര്‍ഷം കൊണ്ട് 50000തൈകള്‍ എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പീപ്പ്.
മണ്ഡലത്തിലെ 105സ്കൂളുകളിലും ഇതിന്റെ ഭാഗമായി അഡ്വ. എല്‍ദോസ് കുന്നപ്പിളളിയുടെ നേതൃത്വത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള റമ്പുട്ടാന് തൈകള്‍ നട്ടു. ഓരോ വീട്ടിലും ഒരു കറിവേപ്പ്, ഒരു പ്ലാവ്,ഒരു മാവ്, ഒരു തെങ്ങ് തുടങ്ങിയ ഒന്‍പതിനം ഫലവൃക്ഷ തൈകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അടുത്ത ഘട്ടത്തില്‍ സ്വീകരിക്കും.
ഫോര്‍ ഫ്യുച്ചര്‍ വിദ്യാഭ്യാസ പരിശീലന കളരികള്‍
മെഡിക്കല്‍ – എന്‍ജിനിയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി 21 ദിവസം നീണ്ടു നിന്ന സൗജന്യ ക്രാഷ് കോഴ്സ് സംഘടിപ്പിച്ചു. 710വിദ്യാര്‍ത്ഥികള്‍ കോഴ്സില്‍ പങ്കെടുത്തു. മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാസ്സുകളും, ഇംഗ്ലീഷ് പരിശീലന കളരികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചു.
അവാര്‍ഡുകള്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും യുണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും അക്കാദമിക രംഗത്ത് മികവ് തെളിയിച്ചവര്‍ക്കും ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി എം.എല്‍.എ അവാര്‍ഡ് നല്കി കഴിഞ്ഞ 3 വര്‍ഷമായി ആദരിക്കുന്നു.
കുട്ടികളുടെ അക്കാദമിക മികവിന് വേണ്ടി മികച്ച കരിയര്‍ ഗൈന്സസ് ക്ലാസുകളും പരിശീലന പരിപാടികളും ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.