മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി നിവാസികളുടെ യാത്രക്ലേഷത്തിന് പരിഹാരം കാണുന്നതിനായി കെ.എസ്.ആര്.റ്റി.സി.യുടെ സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ തോട്ടഞ്ചേരി തൂക്കുപാലം ഒലിച്ച് പോയിരുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി കെല് വിദഗ്ദ്ധ സംഘം തയ്യാറാക്കിയ രൂപരേഖയും, എസ്റ്റിമേറ്റും ഗ്രാമവികസന കമ്മീഷമറുടെ പരിഗണനയിലാണ്. തൂക്കുപാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ പ്രദേശവാസികളുടെ യാത്രക്ലേഷത്തിന് പരിഹാരം കാണുന്നതിനാണ് രാവിലെയും വൈകിട്ടും കെ.എസ്.ആര്.റ്റി.സി.സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്.
എല്‍ദോ എബ്രഹാം എം.എല്‍.എ കെ.എസ്.ആര്.റ്റി.സി.എം.ഡിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തോട്ടഞ്ചേരിയ്ക്ക് സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് അനുവദിച്ചത്. കേരള പിറവി ദിനമായ വ്യാഴാഴ്ച രാവിലെ മുതല്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കും. രാവിലെ 7.10ന് മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് ആയവന തോട്ടഞ്ചേരിയില്‍ എത്തുകയും, ഇവിടെ നിന്നും 7.40ന് മൂവാറ്റുപുഴയിലേയ്ക്ക് തിരിച്ചും സര്‍വ്വീസ് നടത്തും. വൈകിട്ട് 5.40ന് മൂവാറ്റുപുഴയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുകയും, 6.20ന് തിരിച്ച് പോരുന്ന രീതിയിലാണ് സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്. തൂക്കുപാലം ഒലിച്ച് പോയതോടെ ആയവന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക കടത്ത് വള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതിപുരാതനമായ തോട്ടഞ്ചേരി തൂക്കുപാലം കാലവര്‍ഷത്തിലെ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്. ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് തോട്ടഞ്ചേരി തൂക്കുപാലം നിര്‍മിച്ചിരിന്നത്. 2002-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച തൂക്കുപാലം 16-വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇരുമ്പ് ഗേഡറുകളും, ഷീറ്റുകളും, നെറ്റും ഉപയോഗിച്ചാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്. കാരിമറ്റം, തോട്ടഞ്ചേരി പ്രദേശത്ത്കാര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥത്തേയ്ക്കും, ചേലച്ചുവട്-കൊച്ചി ദേശീയ പാതയിലേയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും, കാലാമ്പൂര്, കടുംപിടി പ്രദേശത്ത് കാര്‍ക്ക് രണ്ടാര്‍കര, തൊടുപുഴ-മൂവാറ്റുപുഴ റോഡിലേയ്ക്ക് എത്തിച്ചേരുന്നതിനും തൂക്കു പാലം ഏറെ പ്രയേജനകരമായിരുന്നു. പാലം ഒലിച്ചുപോയതോടെ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഏറെ ദുരിതത്തിലായിരുന്നു..