കോട്ടയം: മാന്നാനം സ്വദേശി കെവിൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗർ എ.എസ്.ഐ ബിജുവും നൈറ്റ് പട്രോളിംഗ് സംഘത്തിലെ ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവൻ ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ഇവർ സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഐ.ജി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പൊലീസുകാർ കൈക്കൂലി വാങ്ങിയത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. എ.എസ്.ഐയുടെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കേസ് ഒതുക്കി തീർക്കാൻ എ.എസ്.ഐയെ ഷാനു നിരവധി തവണ വിളിച്ചു. പ്രതികൾ തട്ടിക്കൊണ്ടു പോയ അനീഷ് കാറിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. അത്തരത്തിലാണ് അനീഷ് നൽകിയ മൊഴിയും. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവുകൾ ശേഖരിച്ച ശേഷം വിശദമായി കാര്യങ്ങൾ വെളിപ്പെടുത്താമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാനുവും പിതാവ് ചാക്കോ ജോണുമടക്കം കേസിൽ ഇപ്പോൾ 14 പ്രതികളാണുള്ളത്. പ്രതികളുടെ എണ്ണം ചിലപ്പോൾ കൂടിയേക്കാമെന്നും ഐ.ജി സൂചിപ്പിച്ചു.


