ബെയ്ജിംഗ്: കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്നു ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 38 പേരാണ് മരണത്തിനു കീഴടങ്ങിയത്. 7,771 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,167 പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിംഗ് നിര്‍ദ്ദേശം നല്കി. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ഷി സൈന്യത്തോട് ആവശ്യപ്പെട്ടു.
ഇതിനിടെ, ബ്രിട്ടീഷ് എയര്‍വേയ്സ് ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മറ്റു ചില വിദേശ വിമാനക്കമ്പനികളും സര്‍വീസ് റദ്ദാക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. .അമേരിക്കയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍നിന്നു തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വുഹാന്‍ ഉള്‍പ്പെടെ ചൈനയിലെ 17 നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ നഗരങ്ങളിലായി അഞ്ചുകോടിയോളം ജനങ്ങളുണ്ട്. ഹോങ്കോംഗിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍നിന്നുള്ള യാത്രികരെ മുഴുവന്‍ സ്ക്രീന്‍ ചെയ്യാന്‍ ലോകത്തിലെ വിവിധ വിമാനത്താവളങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.