മുന്‍ കേന്ദ്രമന്ത്രിയും മാത്രഭൂമി മാനേജിംഗ് ഡയറക്ടറും, നിലവില്‍ രാജ്യസഭാ എംപിയുമായ എം. പി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. അതുല്യരായ ഇന്ത്യന്‍ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തെ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമായി വളര്‍ത്തി എടുക്കുന്നതില്‍ വീരേന്ദ്രകുമാറിനുണ്ടായിരുന്ന പങ്ക് നിസ്സീമമാണ്. വ്യക്തിപരമായി വളരെ അടുത്ത സൗഹൃദം അദ്ദേഹവുമായി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കേരളത്തിന്റെ രാഷ്ടീയ സാംസ്കാരിക സാഹിത്യ മേഖലകളിലെ നിറഞ്ഞ സാന്നിദ്ധ്യവും ശക്തി ശ്രോതസ്സും ആയിരുന്നു പ്രിയപ്പെട്ട ശ്രീ.വീരേന്ദ്രകുമാര്‍. ഇടതു പക്ഷ,സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി എക്കാലവും ശക്തമായി നിലകൊണ്ട അദ്ദേഹത്തിന്റെ വേര്‍പാട് മതേതര , സോഷ്യലിസ്റ്റ് വിശ്വാസികള്‍ക്ക് തീവ്രമായ വേദനയാണ് പകരുന്നത്. ഈ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് (റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി) ഇ. ചന്ദ്രശേഖരന് അനുശോചിച്ചു.
എം. പി വീരേന്ദ്രകുമാറിന്റെ മരണവാര്‍ത്ത അവിശ്വസനീയവും അതീവ വേദനാജനകവുമാണ്. കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഉജ്ജ്വലമായ ഒരു വ്യക്തിത്വത്തിനുടമയാണ് എം പി വീരേന്ദ്രകുമാര്‍. ആദര്‍ശ സമ്പന്നനായ രാഷ്ട്രീയ നേതാവ്, മികച്ച പാര്ലമെന്റേറിയന്, പ്രതിഭാധനനായ എഴുത്തുകാരന് അതിനെല്ലാമുപരി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരെയും രക്ഷകനായ മനുഷ്യസ്നേഹി എന്നീ നിലകളില്‍ ഒക്കെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം എക്കാലത്തും നിറഞ്ഞു നില്ക്കും. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളുടെ, മാതൃഭൂമി കുടുംബത്തിന്റെ, വിപുലമായ സുഹൃത്ത് വലയത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സി. രവീന്ദ്രനാഥ് (പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി) വ്യക്തമാക്കി.
വീരേന്ദ്രകുമാറിനെപ്പോലുള്ളവരുടെ നേതൃത്വം അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. പത്രവ്യവസായവും പത്രപ്രവര്‍ത്തനമേഖലയും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അത് മറികടക്കാന്‍ വീരേന്ദ്രകുമാറിന്റെ സ്മരണ നമുക്ക് കരുത്തു പകരട്ടെ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാത്യഭൂമി പത്രാധിപരും പ്രമുഖ സോഷ്യലിസ്റ്റും എം പിയുമായ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പ് അനുശോചിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടി ജീവിക്കുകയായിരുന്നു അദ്ദേഹമെന്ന് രാഷ്ട്ര ദീപം ചീഫ് എഡിറ്റര്‍ ഡോ. കെ. സി എബ്രഹാം പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് മാധ്യമ ലോകത്തിനും തീരാ നഷ്ടമാണെന്ന് മാനേജിംഗ് എഡിറ്റര്‍ യുസഫ് അന്‍സാരി പറഞ്ഞു.
രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്. മതേതര നിലപാടുകളില്‍ ഉറച്ചു നിന്ന് മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാര്‍. സമകാലിക ഇന്ത്യയുടെ നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ രചനകളില്‍ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണെന്ന് മുന്‍മന്ത്രി കെ.ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എം. പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചിച്ചു. രാഷ്ട്രീയത്തിലെ മൂല്യബോധത്തെ കാട്ടിതന്ന ഒരു മികച്ച സോഷ്യലിസ്റ്റ് ആയിരുന്നു എം.പി.വീരേന്ദ്രകുമാര്‍. സംസ്ഥാനത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയെ നേരിടാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ദിവസംമുന്പ് മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷിയോഗത്തില്‍ പോലും എം.പി.എന്ന നിലയില്‍ വീരേന്ദ്രകുമാര്‍ തന്റെ നിലപാടും ക്രീയാത്മകമായ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചിരുന്നു. ഈ മഹാപ്രതിഭയുടെ വേര്‍പാട് ശാന്തിഗിരിക്ക് നല്ലൊരു സുഹൃത്തിനെയും ഉപദേശകനെയുമാണ് നഷ്ടപ്പെടുത്തി യിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു, പ്രണാമം എന്നാണ് സ്വമി അനുശോചിച്ചത്.
ഭൂപ്രഭു, തോട്ടം ഉടമ, വ്യവസായ പ്രമുഖന്, രാഷ്ട്രീയ നേതാവ്, മാധ്യമ മാനേജ്മെന്റ് വിദഗ്ധന്‍, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നിങ്ങനെ താന്‍ വ്യാപരിച്ച എല്ലാ കര്‍മ്മ രംഗങ്ങളിലും അസാമാന്യമായ വിജയം കൈവരിച്ച പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാര്‍. പരസ്പരം പൊരുത്തപ്പെടാത്തത് എന്ന് തോന്നാവുന്ന കര്‍മ്മരംഗങ്ങളെ അത്ഭുതകരമായ മികവോടെ അനായാസമായി ഇണക്കി ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹത്തിന് ഡോ. കെ. എസ്. രാധാകൃഷ്ണന് (ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍) ആദരാഞ്ജലികള്‍ നേര്‍ന്നു.
എം.പി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന അദ്ദേഹം കേരള രാഷ്ട്രീയ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍. ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദേഹം അറിയപ്പെടുന്ന സാഹിത്യകാരനും, പ്രഭാഷകനുമായിരുന്നു. ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച അദ്ദേഹം പത്രാധിപന്, എഴുത്തുകാരന് , പാര്ലമെന്റേറിയന് ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളില്‍ കൈമുദ്ര ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന്റെ മരണം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തിനും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.


