കൊല്ലം: 3 മാസം മുൻപു പിറന്ന മകനെ ആദ്യമായി കണ്ട ദിവസം, മകളെ അവസാനമായി കാണേണ്ടിവന്നു. പ്രദീപിനു വിധി ഒരുക്കിവച്ചതു വല്ലാത്തൊരു കാഴ്ച. അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി എത്താനിരുന്നതാണ്. ഒടുവിൽ, നിറകണ്ണും വെറുംകയ്യുമായി എത്തിയ പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികൾക്കു കുട്ടി പിറന്നത്. പിന്നെ 7 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്, 3 മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നത്. പ്രദീപ് പറഞ്ഞത്: ‘ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്.


