ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ്.
തുടര്‍ന്ന് വായിക്കാം…
ഡല്‍ഹിയില്‍ ബി.ജെ.പി ഭരണമല്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അവിടുത്തെ പോലീസിനെ ഭരിക്കുന്നത് കേന്ദ്ര ബി.ജെ.പി സര്‍ക്കാരാണ്. കഴിഞ്ഞദിവസം അവിടെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒപ്പം മാധ്യമപ്രവര്‍ത്തകരേയും ബി.ജെ.പി സര്‍ക്കാരിന് കീഴിലെ പോലീസ് മൃഗങ്ങളെപ്പോലും തോല്‍പ്പിക്കുന്ന ക്രൂരതയോടെയാണ് വേട്ടയാടിയത്. നിയമം പാലിക്കേണ്ട പോലീസുകാര്‍, നിയമ ധ്വംസനം നടത്തിയതിനും മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ ലൈംഗികാതിക്രമം പോലും നടത്തിയതും രാജ്യത്തെ നാണം കെടുത്തിയതാണ്.
ഇന്നിപ്പോള്‍ പുറത്തുവന്നത് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബീഹാറിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ്. മാധ്യമപ്രവര്‍ത്തകരുടെ തെറ്റായ പ്രവണതകള്‍ വിമര്ശ്ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് സമീപകാല സംഭവമാണ്. ബി.ജെ.പി യുടെ രാഷ്ട്രീയത്തിനെതിരെ, മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിനാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെയെന്നോണം മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. സന്ദീപ് ശര്‍മ്മ, നവീന്‍ നിശ്ചല്‍, വിജയ് സിംഗ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ബി.ജെ.പി നേതൃത്വവുമായി ബന്ധമുള്ള മണല്‍ മാഫിയ-പോലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിനാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടര്‍ സന്ദീപ് ശര്‍മ്മയെ കൊലപ്പെടുത്തിയത്. അട്ടര്‍ റോഡിലെ പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് മണല്‍ മാഫിയയ്ക്കെതിരെ നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഈ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത്. സന്ദീപ് ശര്മ്മയിരുന്ന ബൈക്കില്‍ ട്രക്ക് മനപ്പൂര്‍വ്വം ഇടിച്ചുകയറ്റുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും വാര്‍ത്തയുണ്ട്. വില്ലേജ് കൗണ്‍സില്‍ മേധാവിക്കെതിരെ വാര്ത്തനല്കിയതിനാണ് ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്കറിലെ നവീന്‍ നിശ്ചല്‍, വിജയ് സിംഗ് എന്നീ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നതും പുറത്തുവന്നിരിക്കുന്നു. ഏതാനും മാസം മുമ്പ്, ബി.ജെ.പി ഭരിക്കുന്ന യു.പി യില്‍ ഹിന്ദുസ്ഥാന്‍ ലേഖകന്‍ നവീന്‍ ഗുപ്തയെ ഒരുസംഘം വെടിവെച്ച് കൊലപ്പെടുത്തിയത് നേരത്തേ വാര്‍ത്തയായതാണ്.
നട്ടെല്ലോടെ അനീതി തുറന്നുകാണിച്ച മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അതിനെതിരെ ശരിയായ രീതിയില്‍ ശബ്ദമുയര്‍ത്താത്തത് അത്ഭുതപ്പെടുത്തുന്നു. എന്തും ഏതും രണ്ടും മൂന്നും ദിവസം ചര്ച്ചയ്ക്കെടുക്കുന്നവര്, മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം വലിയ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതായിരുന്നു. അല്ലെങ്കില്‍, സത്യം സമൂഹത്തിനുമധ്യേ തുറന്നുകാണിച്ച മാധ്യമശൈലി, മലയാള മാധ്യമങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന വിമര്‍ശ്ശനം ഉയര്‍ന്നേക്കും!. സ്വദേശാഭിമാനിയുടെ പിന്മുറക്കാര്ക്ക് ചേര്‍ന്നതാവില്ല അത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ ജനാധിപത്യ വിശ്വാസികളാകെ പ്രതിഷേധമുയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


