പെരുമ്പാവൂർ: രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് 64.73 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായതായി അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ
എം.എൽ.എ അറിയിച്ചു.
ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു.
ഈ വർഷത്തെ എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നാല് ക്ലാസ് മുറികളും ഒപ്പം പാചക പുരയും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. രണ്ട് നിലകളിലായി 2873 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഭാവിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
രായമംഗലം ഗ്രാമപഞ്ചായത്തിൽ 1885 ൽ സ്ഥാപിതമായ ഈ സ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ്. പ്രി പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 8 ഡിവിഷനുകളിലായി 148 കുട്ടികൾ 133 വർഷം പിന്നിട്ട ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചത്.


