ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പാണ്് സുപ്രീംകോടതി റദ്ദാക്കിയത്. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ആര്.എഫ്.നരിമാന്, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഏകകണ്ഠമായി വ്യക്തമാക്കി.
പങ്കാളിയുടെ പരസ്ത്രീ ബന്ധം കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യാപ്രേരണക്കുറ്റമായി കണ്ട് കേസെടുക്കാനാകും. ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ലെന്ന് പറഞ്ഞ കോടതി തുല്യത എല്ലാവര്ക്കും ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും ചൂണ്ടിക്കാട്ടി. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഐ.പി.സി 497 തീര്‍ത്തും വിവേചനപരമാണെന്നായിരുന്നു അഞ്ച് പേരുടെയും വിധി.
പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ദാന്പത്യബന്ധത്തില് സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നനിയമം സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേല്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാദ്ധ്യസ്ഥയല്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉഭയസമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം..


