കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബാബു വരവിനെക്കാള്‍ 45 ശതമാനം സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു. ബാബുവിന്റെ ബിനാമികളായ ബാബുറാമിനേയും മോഹനനേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇവരുടെ സ്വത്തുക്കള്‍ കെ.ബാബുവിന്റെ സഹായത്തോടെ സമ്പാദിച്ചതല്ലെന്നും കോടതിക്ക് നല്‍കിയറിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡില്‍ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ സെപ്തംബറില്‍ ബാബുവിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.അനധികൃത സ്വത്തിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് കത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോള്‍ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങിയപ്പോള്‍ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാബു വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബാബുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മന്ത്രിയും എം.എല്‍.എയുമായിരുന്ന സമയത്ത് ലഭിച്ച ടി.എയും ഡി.എയും മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളും ഭാര്യവീട്ടില്‍ നിന്നുള്ള സ്വത്തുക്കളും വരുമാനമായി കണക്കാക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ ടി.എയും ഡി.എയും മാത്രമാണ് വിജിലന്‍സ് അംഗീകരിച്ചത്. വിജിലന്‍സ് പറയുന്നു.ബാബുവിന്റെ മരുമകനും പിതാവും കര്‍ണാടകയിലെ കുടകില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇളയ മകളുടെ വിവാഹത്തിന് 200 പവന് നല്‍കിയെന്നും രണ്ട് പെണ്മക്കള്ക്കും ആഡംബര കാറുകള്‍ നല്‍കിയെന്നും കണ്ടെത്തി. ഇതെല്ലാം കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


