മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ മണിയംകല്ല് കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 13-ലക്ഷം രൂപ അനുവദിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. 80 ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് കമ്മീഷന് ചെയ്യാനാകാതെ കിടക്കുകയായിരുന്നു. മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി എം.എല്‍.എ 13-ലക്ഷം രൂപ അനുവദിച്ചത്.
2016-ഫെബ്രുവരി മാസത്തില്‍ നിര്‍മ്മാണം ആരംഭിച്ചതാണ് പദ്ധതി. എന്നാല്‍ പദ്ധതിയുടെ ഭാഗമായി നാട്ടുകാര്‍ സൗജന്യമായി നല്കിയ ഭൂമിയില്‍ കുളം താഴ്ത്തി പമ്പ് ഹൗസ് നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ നിന്നും നൂറു മീറ്ററോളം അകലത്തിലായി 80,000 ലിറ്റര്‍ ശേഷിയുളള വാട്ടര്‍ ടാങ്കും നിര്‍മിച്ചിട്ടുണ്ട്. 15 എച്ച്.പി.യുടെ രണ്ട് മോട്ടോറുകളും സ്ഥാപിച്ച് കഴിഞ്ഞു. വൈദ്യുതി കണക്ഷന് ലഭിച്ചു. എന്നാല്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മാറാടി ഗ്രാമപഞ്ചായത്ത് അനുവദിച്ച 5.80-ലക്ഷം രൂപയും, എം.എല്‍.എ അനുവദിച്ച 13-ലക്ഷം രൂപയും ഉപയോഗിച്ചാണ് ജലവിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്.
ഇതിനിടെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡില്‍ കാന തീര്‍ക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കിയില്ല. ബി.എം, ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് പൈപ്പ് ഇടുന്നതിനായി വെട്ടിപൊളിക്കാന്‍ പൊതുമരാമത്ത് അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് റോഡിന് മുകളിലൂടെ ജി.ഐ പൈപ്പ് സ്ഥാപിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും, ഏപ്രില്‍ ആദ്യവാരത്തോടെ പദ്ധതി കമ്മീഷന് ചെയ്യാന്‍ കഴിയുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി പറഞ്ഞു.പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന 10,11 വാര്‍ഡുകളിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകും.


