കൊച്ചി:അങ്കണവാടിയില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തെറി വിളിക്കുകയും തല്ലുകയും ചെയ്തതായി പിതാവിന്റെ പരാതി. മുളന്തുരുത്തി കാരിക്കോട് ഗവണ്മെന്റ് യുപി സ്കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.
മുളന്തുരുത്തി തണ്ണിക്കല്‍ ലെനിന് തോമസിന്റെ മകളായ മൂന്നര വയസ്സുകാരിയാണ് അങ്കണവാടിയിലെ ആയ അമ്മിണിയുടെ ക്രൂരതയ്ക്ക് ഇരയായത്. അങ്കണവാടിയില്‍ വച്ച് കുട്ടി മൂത്രം ഒഴിക്കണമെന്ന് ആയയായ അമ്മിണിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ കുട്ടിയെ ശാസിക്കുകയും ഇപ്പോള്‍ പോകണ്ട എന്നു പറയുകയും ചെയ്തു.
ഗത്യന്തരമില്ലാതെ വന്നതോടെ കുട്ടി ക്ലാസ്സ് റൂമില്‍ തന്നെ മൂത്രം ഒഴിച്ചു. ഇത് കണ്ട ആയ കുട്ടിയെ അസഭ്യം പറയുകയും തല്ലുകയുമായിരുന്നു. കൂടാതെ കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അത് ഉപയോഗിച്ച് നിലത്ത് വീണ മൂത്രം തുടയ്ക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി ആരോടും മിണ്ടാതിരിക്കുകയും സ്കൂളില്‍ പോകുന്നില്ലെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് കാര്യം തിരക്കിയങ്കിലും കുട്ടി ഒന്നും പറഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ അങ്കണവാടിയില്‍ പോകാനായി ഒരുക്കുമ്പോഴും കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കാര്യം തിരക്കിയപ്പോഴാണ് അങ്കണവാടിയിലെ ക്രൂരകൃത്യത്തിന്റെ കഥ കുട്ടി പറയുന്നതെന്ന് പിതാവ് ലെനിന് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അങ്കണവാടിയിലെത്തി ലെനിന് വിവരം അന്വേഷിച്ചെങ്കിലും തനിക്കൊന്നും അറിയില്ല, ഇന്നലെ ലീവായിരുന്നു എന്നുമാണ് ടീച്ചര്‍ മറുപടി നല്‍കിയത്. കുട്ടിയെ തല്ലിയ ആയ ആമ്മിണി ലീവാണെന്നും അവരോട് ചോദിച്ചിട്ട് പറയാമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് ടീച്ചറില്‍ നിന്ന് ലഭിച്ചതെന്നും ലെനിന് പറയുന്നു. കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെതിരെ പോലീസിലും ചൈല്‍ഡ് പ്രൊട്ടക്ഷനും പരാതി നല്കാമാണ് കുട്ടിയുടെ പിതാവിന്റെ തീരുമാനം.


