ശബരിമല: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം നില്ക്കാന് ദേവസ്വം ബോര്‍ഡിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സൂചന. സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ നാല് സ്ത്രീകള്‍ ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്കിയതിനാല് ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടിന് അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണു ബോര്‍ഡിനുമേല്‍ നിലവില്‍ സമ്മര്‍ദ്ദം. തന്ത്രി, പന്തളം രാജകുടുംബം എന്നിവരുമായി നടത്തിയ ചര്‍ച്ചയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനം നിര്‍ണായകമാകും.

