ശ്രീധരന് പിള്ളയ്ക്കും തന്ത്രിക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ളയും ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കും അഞ്ചുപേര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വര്‍മ്മ, കെ ജി മുരളീധരന് ഉണ്ണിത്താന് എന്നിവരാണ് മറ്റ് മൂന്നുപേര്‍. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ഇവര്‍ പ്രവര്‍ത്തിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകയായ ഡോ.ടി ഗീനാ കുമാരി, എ വി വര്‍ഷ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നിവയെല്ലാമാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെയുള്ള ആരോപണങ്ങള്‍. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന് ഉണ്ണിത്താന്, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യുവതികള്‍ കയറിയാല്‍ നടയടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

