തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ല – മുഖ്യമന്ത്രി പറഞ്ഞു. 
‘കൃത്യമായി ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി സംഘപരിവാര്‍ ഇപ്പോള്‍ ചെയ്തു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് നേരത്തേ ചില പൊലീസുദ്യോഗസ്ഥരുടെ ജാതിയും മതവും പറഞ്ഞ് പ്രചാരണം നടത്തുന്ന രീതി കണ്ടത്. പൊലീസുദ്യോഗസ്ഥരുടെ ഭാര്യവീടുകള്‍ക്ക് മുന്നില്‍ സംഘപരിവാര്‍ പ്രതിഷേധം നടത്തുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥരുടെ വീടുകള്‍ ആക്രമിക്കുമെന്നാണ് ഭീഷണി.” മുഖ്യമന്ത്രി പറഞ്ഞു.

