മൂവാറ്റുപുഴ: വാളകം ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നു. ജോയ്സ് ജോര്‍ജ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26-ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നത്. വാളകം അമ്പലം പടിയില്‍ എസ്.സി.കമ്മ്യൂണിറ്റി ഹാളിലാണ് നിലവില്‍ വാളകം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അമ്പലംപടിയില്‍ തന്നെ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്താണ് പുതിയ മന്ദിരവും നിര്‍മിക്കുന്നത്. ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ദിരം നിര്‍മിക്കുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
ആശുപത്രി മന്ദിരത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജോയ്സ് ജോര്‍ജ് എം.പി.നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിക്കും. വൈസ്പ്രസിഡന്റ് ബാബു വെളിയത്ത് സ്വാഗതം പറയും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനം അഗതിരഹിത കേരളം ബ്ലോക്ക്തല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. ലൈഫ് മിഷന് പൂര്‍ത്തികരീച്ച വീടുകളുടെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിക്കും.


