ശബരിമല: യുഡിഎഫ്- ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
ശബരിമല പോലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്. ശബരിമല വിഷയത്തില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ ഇന്ന് ശബരിമലയിലെത്തുന്നത്. വി. മുരളീധരന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്.
നിരോധനാജ്ഞ നിലനില്‍ക്കെ പരമാവധി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനാണ് നേതാക്കള്‍ക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

