പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ടാങ്ക് സിറ്റി പ്രദേശത്ത് പുതിയ പാലം വരുന്നു. പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 27.21 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
9.3 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. 54 വർഷം പഴക്കമുള്ള നിലവിലുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. പെരുമ്പാവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ ടാങ്ക് സിറ്റിയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ജംഗ്ഷൻ വികസനത്തിലും കനാൽ പാലം പുനർ നിർമ്മാണത്തിലും ഇടപെടണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജനങ്ങൾക്കൊപ്പം പദയാത്രയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ക്ക് നിവേദനം നൽകിയിരുന്നു.
സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ടെൻഡർ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജലസേചന വകുപ്പിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല

