തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനം ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് അഡ്വക്കറ്റ് ജനറലിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. പൊലീസ് നിയന്ത്രണം മൂലം ഭക്തര്‍ അനുഭവിക്കുന്ന നരകയാതനകള്‍ കോണ്‍ഗ്രസ് നിയോഗിച്ച മൂന്നംഗ ദൗത്യസംഘത്തിന് ബോധ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.
ശബരിമലയില്‍ കഴിഞ്ഞ രാത്രിയില്‍ അയ്യപ്പഭക്തന്മാര്ക്കെതിരെയുണ്ടായ പൊലീസ് നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. അതിന് നേതൃത്വം നല്കിയ മലപ്പുറം എസ്.പിയും ശബരിമല സ്പെഷ്യല്‍ പൊലീസ് ഓഫീസറുമായ പ്രതീഷ് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിറുത്തി സമഗ്ര അന്വേഷണം നടത്തണം.
അയപ്പഭക്തര്ക്കിടയില് സംഘപരിവാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശക്തമായി നടപടി സ്വീകരിക്കണം. എന്നാല്‍ നിരപരാധികളായ അയപ്പഭക്തന്മാരെ പീഡിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടക്കുന്നത് വിശ്വാസ സംരക്ഷണമല്ല. ബി.ജെ.പിയുടെ കപട രാഷ്ട്രീയ നാടകമാണ് അരങ്ങേറുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് വിശ്വാസികളോട് അല്പമെങ്കിലും കൂറും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകുന്നില്ല. അപ്പോള്‍ ആചാരവും വിശ്വാസവും സംരക്ഷിക്കലല്ല, മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

