എറണാകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയ്ക്കിടെ സഹയാത്രക്കാരിയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദാണ് അറസ്റ്റിലായത്. യുവതി പ്രശ്നമാക്കിയതോടെ ബസ്സില്‍ നിന്ന് ഇറങ്ങിയോടിയ സവാദിനെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം. ചലച്ചിത്രപ്രവര്ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെഎസ്ആര്‍ടിസി ബസ്സില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് 27 കാരനായ സവാദ് ഈ ബസ്സില്‍ കയറിയത്. 3 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് കയറി ഇരുന്നത്. ബസ് അങ്കമാലിയില്‍ നിന്ന് പുറപ്പെട്ടതോടെ സവാദ് മോശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് സവാദ് നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗത്തിന് ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ യുവതി വീഡിയോ എടുത്തു. യുവതി സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റ് സവാദിനെതിരെ പ്രതികരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
യുവതിയുടെ പെട്ടന്നുള്ള പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്നും എഴുന്നേറ്റു.പെട്ടെന്ന് സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റ സവാദ് ബസ്സില്‍ നിന്ന് ഇറങ്ങാനായി ശ്രമിച്ചു. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടു. തുടര്‍ന്ന് അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഓടിച്ചെന്ന് കണ്ടക്ടര്‍ പിടിച്ചെങ്കിലും സവാദ് കുതറി ഓടി. ഇതോടെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും വീഡിയോ സഹിതം യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മുസ്ലീം ലീഗിന്റെ സൈബര്‍ ഇടങ്ങളിലും സജീവ സാന്നിദ്ധ്യം
പിടിയിലായ സവാദ് കുറ്റ്യാടിയിലെ സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകനാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് ഇയാള്‍ ലീഗ് അനുകൂല സംഘടനയായ കെഎംസിസിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ സൈബര്‍ ഇടങ്ങളിലും സജീവ സാന്നിദ്ധ്യനമാണ് സവാദ്. അതേസമയം തനിക്ക് ആ സമയത്ത് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ്സ് ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.
എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി
ബസ്സില്‍ ഒരു നിയമവിദ്യാര്‍ഥിനി ഉണ്ടായിരുന്നു. അവര്‍ എന്നോടൊപ്പം അവസാനം വരെ നിന്നു. അവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തുവെന്നും ബസ്സിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തതെന്നും ഡ്രൈവര്‍ ഉള്‍പ്പടെ ബസ്സില്‍ ഉണ്ടായിരുന്നവരും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി തന്നെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഇനി അവന് സിബ്ബ് തുറക്കാന്‍ പേടിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു.


