കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത് മരിച്ച കേസില്‍ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തും.
റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) അംഗങ്ങളും എആര്‍ ക്യാമ്പിലെ സേനാംഗങ്ങളുമായ ജിതിന് രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ ബുധനാഴ്ച വൈകിട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചനയുണ്ട്.
അതെ സമയം പൊലീസുകാരെ അറസ്റ്റ് ചെയ്തതില്‍ ആശ്വാസമുണ്ടെന്നും കുറ്റക്കാരായ എല്ലാവരെയും പിടികൂടി ശിക്ഷിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
കഴിഞ്ഞ ആറിന് വരാപ്പുഴ ദേവസ്വംപാടം സ്വദേശി കെ എം വാസുദേവന്‍(54) മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷേണായി പറമ്പില്‍ ശ്രീജിത്(26)പൊലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നാണ് കേസ്. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ശ്രീജിത് ഉള്‍പ്പെടെ പത്ത് പ്രതികളെ പിടികൂടിയിരുന്നു. ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് സംഘമായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത് കഴിഞ്ഞ ഒമ്പതിന് മരിച്ചു. തുടര്‍ന്ന് ആര്‍ടിഎഫ് അംഗങ്ങളെയും പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക്, എഎസ്ഐ സുധീര്‍, എസ്സിപിഒ സന്തോഷ് ഉള്‍പ്പെടെയുള്ളവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിതിന് രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ പ്രതികളാക്കി കേസെടുത്തത്. മൂന്ന് പേരും ആലുവ റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡായ ആര്‍ടിഎഫിലെ അംഗങ്ങളാണ്. ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റിരുന്നതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്


