ബീയജിംഗ്: ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ്. വൈറസ് ബാധയേറ്റ് രണ്ട് പേർ മരിക്കുകയും 40 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തെന്ന് ചൈന വ്യക്തമാക്കുമ്പോല്‍ 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടൻ ആസ്ഥാനമായ ഇംപീരിയൽ കോളേജിന്റെ വെളിപ്പെടുത്തൽ. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ചൈനയിലെ പകർച്ചവ്യാധി വിഭാഗവും വ്യക്തമാക്കി.
വ്യൂഹാൻ നഗരത്തിൽ ഡിസംബറിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേർ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ സ്ഥിതിഗതികളെ നിസ്സാരമായി കാണാനാകില്ലെന്നാണ് ആഗോളതലത്തിൽ പകർച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എംആര്‍സി സെന്ററിന്റെ വിലയിരുത്തൽ.