മൂവാറ്റുപുഴ : നഗര വികസനത്തിൻ്റ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റുന്നതിന് സ്പെഷ്യൽ ടീമിന്റെ സഹായവും ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ .നഗര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എംഎൽഎ വിളിച്ചു ചേർത്ത അവലോകനയോഗത്തിൽ പൈപ്പുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റി കൂടുതൽ സമയമാവശ്യപ്പെട്ടതിനെ തുടർന്ന് പുതിയ സ്പെഷ്യൽ ടീമുകളെ നിയോഗിക്കാൻ എംഎൽഎ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ തന്നെയുള്ള വിവിധ വാട്ടർ അതോറിറ്റി കോൺട്രാക്ടർമാരുമായി എംഎൽഎ സംസാരിക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള കരാറുകാരന്റെ 3 ടീമുകൾ കൂടാതെ പുതിയതായി പുറത്തുനിന്ന് സ്പെഷ്യൽ ടീമുകൾ കൂടി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികളിലുണ്ട്
മുൻപ് കൂടിയ മീറ്റിങ്ങിൽ 20 ദിവസത്തിനകം വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും പൂർത്തീകരിക്കാം എന്നാണ് ഉദ്യോഗസ്ഥരും കരാറുകാരും ഉറപ്പു നൽകിയിരുന്നത്, എന്നാൽ അത് പാലിക്കാതെ വന്നതിനെ തുടർന്നാണ് കൂടുതൽ അഡീഷണൽ ടീമുകളെ പുറത്തുനിന്ന് ഉൾപ്പെടുത്താൻ കഴിഞ്ഞ യോഗത്തിൽ എംഎൽഎ നിർദ്ദേശിച്ചത്.
പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി കഴിവതും വേഗത്തിൽ വാട്ടർ അതോറിറ്റിയുടെ വർക്കുകൾ പൂർത്തീകരിച്ച് കെ ആർ എഫ് ബിക്ക് പൂർണ്ണമായും റോഡുകൾ കൈമാറുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും, സമയബന്ധിതമായി തന്നെ നഗര റോഡ് വികസനം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.


