ഒരു സ്വാതന്ത്ര്യ ദിനം കടന്ന് വരുമ്പോള്‍ നമ്മള് ഭാരതീയര്‍ ഓര്‍ക്കുകയും വളരുന്ന തലമുറയെ ഓര്‍മ്മിപ്പിക്കുകയും വേണ്ട ഒന്നാണ് നമ്മള് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യം. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ വിദേശ ശക്തികള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ കോളനി ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ദശാബ്ദങ്ങളോളം നീണ്ട സമരത്തിന്റെ പരിണിത ഫലമാണ് 1947 ആഗസ്റ്റ് 14 ന്അര്‍ദ്ധരാത്രി ഇന്ത്യക്ക് ലഭിച്ച ഒരു സ്വതന്ത്ര രാഷ്ട്രം എന്ന സ്വാതന്ത്ര്യം.
പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാല് കുത്തിയ റോബര്‍ട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യം, 1757 ലെ പ്ലാസി യുദ്ധത്തില്‍ ഫ്രഞ്ച് സഖ്യ കക്ഷികളുടെ പിന്‍ബലമുള്ള ബംഗാള്‍ നവാബിനെ കീഴ്പ്പെടുത്തി അധികാരം പിടിച്ചെടുത്തത് മുതലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ തുടങ്ങുന്നത്. ഇന്ത്യയുടെ സമ്പല്‍ സമൃദ്ധിയില്‍ ആകൃഷ്ടരായ ലണ്ടനിലെ ഒരു സംഘം വ്യാപാരികള്‍, ഇന്ത്യയുമായി വ്യാപരബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഒന്നാണ് എലിസബത്ത്രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്കിയ ഈസ്റ്റ് ഇന്ത്യ കമ്പനി.
ബ്രിട്ടീഷ് ഭരണത്തില്‍ ഉണ്ടായ ആധുനികവല്‍ക്കരണം ഭാരതീയ സമൂഹത്തെ ഒരുപാട് സ്വാധീനിച്ചു എങ്കിലും, തദ്ദേശീയ സംസ്കാരത്തെ വളരെയധികം അവമതിക്കാന്‍ തുടങ്ങിയപ്പോള്‍, ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചു വന്നു ഇന്ത്യക്കാര്‍ക്ക്. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈനിക ശക്തിയിലൂടെ നാട്ടുരാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറുന്ന സമയത്താണ്, കമ്പനിഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെശിപായിമാര്എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാര് തുടങ്ങി വെച്ച, ബഹുജന പ്രക്ഷോഭമായി മാറിയ 1857 ലെ ശിപായി ലഹള എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ 1885 ല്‍ രൂപവത്ക്കരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രാജ്യവ്യാപകമായി ഉയര്‍ന്ന് വരികയും, ദീര്‍ഘകാലത്തെ ഏകാന്ത വാസത്തില്‍ നിന്നും തിരിച്ചെത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജിയുടെ നേതൃത്യത്തില്‍, അഹിംസയിലൂന്നിയ സത്യാഗ്രഹംഎന്ന സമര സിദ്ധാന്തത്തിലൂടെ മറ്റുള്ളവരും ഒന്നിച്ചതോടു കൂടി, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ ശക്തിപ്പെട്ടു. ആയിരക്കണക്കിനു ദേശസ്നേഹികള്‍ ജീവന് നല്‍കിയാണ് ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരുപാട് ത്യാഗികള്‍ പുതിയ തലമുറയ്ക്ക് അപരിചിതരായി മാറുന്നത് ഖേദകരമാം നിന്ദയാണ്.
സ്വാതന്ത്ര സമര സേനാനികളും ഗാന്ധി ഭക്തരും ഭാരതത്തിന് അകത്തും പുറത്തും ഒരുപാട് പേരുണ്ട്, ഇവരെല്ലാം വ്യത്യസ്തമായ രീതിയില്‍ അവരുടെ സേവനം ജീവിതാന്ത്യം വരെ രാജ്യത്തിന് സമര്‍പ്പിക്കുന്നു. ഇവരില്‍ ഒരാളുമാണ് ഇരുളില്‍ പ്രകാശം ചൊരിഞ്ഞ സ്വയം പര്യാപ്തതയുടെ പ്രതീകമായ, സ്വാതന്ത്ര സമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനും ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയില്‍ പങ്കെടുത്ത 78 അനുയായികളിലെ എട്ട് മലയാളികളില്‍ ഒരാളായ, ഷൊര്‍ണൂര്‍ പരുത്തിപ്ര മഹാദേവമംഗലം നടുവില്‍ പൊതുവാട്ടില്‍ രാഘവ പൊതുവാള് എന്ന രാഘവ്ജി.
സഹൃപുത്രിയായ നിള തെക്ക് വടക്കായി ഒഴുകുന്ന പ്രതിഭാസം ദ്യശ്യമാകുന്ന വള്ളുവനാട്ടിലെ, ഷൊര്‍ണൂര്‍ പട്ടണത്തില്‍ നിന്നും ഒന്നര മൈല്‍ ദൂരെ പടിഞ്ഞാറ് വശത്തുള്ള, പല്ലൂര് കടവിലാണ് ദേശാഭിമാന പ്രചോദനം നല്കുന്ന നടുവില്‍ പൊതുവാട്ടില്‍ തറവാട്. ഇവിടെ വടക്കേടത്ത് പൊതുവാട്ടില്‍ കൃഷ്ണപൊതുവാളിന്റെയും നടുവില്‍ പൊതുവാട്ടില്‍ പാറുക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനായി, 1906 ആഗസ്ത് മാസം ഇരുപത്തിയെട്ടാം തിയ്യതി ചൊവ്വാഴ്ച്ച, നാടെങ്ങും പൂക്കളങ്ങള്‍ കൊണ്ട് നിറമാല ചാര്‍ത്തുന്ന ചിങ്ങമാസത്തില, തൃക്കേട്ട നക്ഷത്രത്തിലാണ് രാഘവ പൊതുവാളിന്റെ ജനനം.
ദേശാഭിമാനിയായ അമ്മാവന് നടുവില്‍ പൊതുവാട്ടില്‍ രാമപൊതുവാള് മടിയിലിരുത്തി കൈപിടിച്ച് തന്റെ നാലാം വയസ്സിലെ വിജയ ദശമി നാളില്‍, അരിയില്‍ അമ്പൊത്തൊന്ന് അക്ഷരാളിയെ നിനച്ച് ചൂണ്ട് വിരല്‍ കൊണ്ട് ഹരിശ്രീ കുറിച്ചു തുടങ്ങിയതാണ് രാഘവ പൊതുവാളിന്റെ വിദ്യാരംഭം. ഷൊര്‍ണൂര്‍ പട്ടണത്തിലുള്ള മിഷന് സ്കൂളില്‍ നിന്ന് ലോവര്‍ എലിമെന്ററിയും, നാടുവാഴി സ്വരൂപത്തിന്റെ ഈറ്റില്ലമായ കവളപ്പാറയിലെ ഹയര്‍ എലിമെന്ന്റെറി സ്കൂളില്‍ നിന്ന് അപ്പര്‍ എലിമെന്ററിയും, ഒറ്റപ്പാലം സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ഫോര്‍ത്ത് ഫോറവും പൂര്‍ത്തീകരിച്ച രാഘവ പൊതുവാള്, പിന്നീട് മൂന്ന് വര്‍ഷത്തോളം തന്റെ കുടുംബത്തിന്റെ പാരമ്പര്യ അവകാശമായ മഹാദേവമംഗലം ശിവക്ഷേത്രത്തിലെ കഴകത്തില്‍ ഏര്‍പ്പെട്ടു.
1923 ല്‍, ഗുരുകുല സമ്പ്രദായത്തിലുള്ള ദേശീയ വിദ്യാഭ്യാസം നല്‍കുന്നതിനായി താമ്രപര്‍ണി തീരത്തുള്ള ചേരമാദേവിയിലെ ബാരിസ്റ്റര്‍ വി.വി. എസ്. അയ്യര്‍ സ്ഥാപിച്ച ഭരദ്വാജാശ്രമത്തില്‍ പ്രവേശിപ്പിച്ചു. രണ്ട് വര്‍ഷം നീണ്ട ഇവിടത്തെ പഠനം അയ്യരുടെ മരണ ശേഷം ഉണ്ടായ സാഹചര്യങ്ങളുടെ സമര്‍ദ്ദം മൂലം അവസാനിപ്പിച്ച രാഘവ്ജി, 1925 ല്‍ ചെന്നെത്തുന്നത് ജ്ഞാന മാര്‍ഗത്തിലൂടെ പൗരാണിക പാരമ്പര്യത്തിന്റെ അന്യോഷണം നടത്തുന്ന രവീന്ദ്രനാഥ് ടാഗൂറിന്റെ ബംഗാളിലെ ബോല്പ്പൂരിലുള്ള ശാന്തിനികേതനം എന്ന പാഠശാലയിലാണ്.
ശാന്തി നികേതനം സന്ദര്‍ശിച്ച ഗാന്ധിജിയുമായുള്ള ബന്ധം രാഘവ്ജിയെ 1927 ല്‍, രാജസ്ഥാനിലെ ഉദയപേരിലൂടെ ഒഴുകുന്ന സബര്‍മതി നദിയുടെ തീരത്തുള്ള, ഇന്ത്യന്‍ ദേശീയതയുടെ കേന്ദ്ര ബിന്ദുവായ സബര്‍മതി ആശ്രമത്തില്‍ എത്തിച്ചു. 1928 ല്‍ ജവഹര്‍ ലാല്‍ നെഹ്റുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം, നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി, 1930 മാര്‍ച്ച് 12 ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് 78 അനുയായികളുമായി ഗാന്ധിജി, 240 മൈല്‍ ദൂരെയുള്ള ദണ്ഡി കടപ്പുറത്തെത്തി ഉപ്പ് നിയമം ലംഘിച്ചപ്പോള്‍, അതില്‍ എട്ടാമനായിരുന്നു ഗാന്ധിജിയുടെ പ്രിയ ശിഷ്യനായ നടുവില്‍പ്പാട്ട് രാഘവപൊതുവാള്‍.
കറാടിയില് വെച്ച് മെയ് അഞ്ച് പുലര്‍ച്ച 12.45 ന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, പ്രസ്ഥാനം അവസാനിപ്പിക്കരുതെന്ന മഹാത്മാവിന്റെ ആഹ്വാന പ്രകാരം, മെയ് 7 ന് ദറാസനയിലേക്ക് മാര്‍ച്ച് ചെയ്ത രാഘവജിയടക്കമുള്ള സന്നദ്ധ ഭടന്മാരെ, മെയ് 12 ന് അറസ്റ്റ് ചെയ്ത് മദ്രാസിലെ മാമ്പലം സെന്‍ട്രല്‍ ജയിലിലടച്ചു. തൊട്ടടുത്ത സെല്ലില്‍ ഉണ്ടായിരുന്ന സുബാഷ് ചന്ദ്രബോസിനെ ഒന്ന് കാണുവാനുള്ള അനുമതി നീണ്ട നാളത്തെ നിരാഹാരത്തിലൂടെയായിരുന്നു നേടിയെടുത്തത് രാഘവ്ജി. ഭാരതം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഗ്രാമങ്ങളുടെ സ്വാശ്രയത്വം സംരക്ഷിക്കുന്നതിനുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി, തന്റെ ശിഷ്യരോട് ഗ്രാമങ്ങളിലേക്ക് മടങ്ങുവാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ ആ വലിയ വാക്കുകള്‍, ജീവിത വൃതമായി സ്വീകരിച്ചു രാഘവ്ജി.
രാഘവ്ജി ജയില്‍ മോചിതനായ ശേഷം ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം, അഖില ഭാരത ചര്‍ക്ക സംഘത്തില്‍ ചേര്‍ന്ന് ഒമ്പത് മാസത്തോളം അഹമ്മദാബാദില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഗാന്ധി ശിഷ്യ മീരാബഹന്റെ ആവശ്യ പ്രകാരം ചര്‍ക്ക സംഘത്തിന്റെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമായ തമിഴ്നാട്ടിലെ തിരിപ്പൂരിലെത്തി നേതൃത്വം കൊടുത്തു. നമ്മള് ഇന്ന് കാണുന്ന തിരിപ്പൂര് എന്ന മഹാനഗരത്തില്‍ കൈത്തറിയുടെയും ഖാദിയുടെയും വിത്ത് പാകിയ രാഘവ്ജി, പിന്നീട് സ്വാതന്ത്ര സമരത്തില്‍ കേരളത്തിന്റെ സിരാകേന്ദ്രമായ പയ്യന്നുര്‍ എന്ന കേരള ബര്‍ദ്ദോളിയില്‍ ഖാദി പരിശീലകനായി.
1958 ല്‍ രൂപം കൊണ്ട ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ ഡവലപ്മെന്റ് ഓഫീസറായ രാഘവ്ജി, തുടര്‍ന്ന് നാല് സംസ്ഥാനങ്ങളുടെ റീജണല്‍ ഡൃറക്ടറായി ചുമതലയേറ്റു. ഇക്കാലത്ത് ആചാര്യ വിനോബാഭാവേയുടെ നേതൃത്വത്തിലുള്ള ഭൂദാന പ്രസ്ഥാനത്തിന്റെ കേരള സമിതിയുടെ ജോയിന്റ് കണ്വീനനായിരുന്നു രാഘവ്ജി.
നാട്ടിലെത്തിയ അദ്ദേഹം നിളയോരത്തെ തന്റെ കുടുംബ സ്വത്തായ മൂന്നര ഏക്കര്‍ ഭൂമിയില്‍ ഒരു കൊച്ചു വീടുണ്ടാക്കി, അതിന്റെ ഭിത്തിയില്‍ സ്വയം പ്രകാശിത ഗിരി സദനം എന്ന് പേരെഴുതി താമസം ആരംഭിക്കുമ്പോള്‍ സന്യാസമാര്‍ഗ്ഗം സ്വീകരിച്ചിരുന്നു. നടുവില്‍പ്പാട്ട് രാഘവ പൊതുവാളിന്റെ ജീവിതം ഗാന്ധിയന്‍ ആശയ പ്രചരണത്തിനുള്ള നിയോഗമായിരുന്നു. ഇതിനോട് ചേര്‍ന്ന് രാഘവ്ജി നൂല് നൂല്‍പ്പ് കേന്ദ്രം തുടങ്ങി, ചര്‍ക്ക ക്ലാസ്സ് ആരംഭിച്ച് തുണിത്തരങ്ങള്‍ ഉണ്ടാക്കി, എള്ള് ഉല്പാദിപ്പിച്ച് ചക്കില്‍ ആട്ടിയ നല്ലെണ്ണ വില്‍പ്പനയും, കൂടുകളുണ്ടാക്കി തേനീച്ചകളെ വളര്‍ത്തി തേന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയും, സോപ്പ് നിര്‍മ്മാണം എന്നിവയുമായി 1992 ഡിസംബര്‍ 20 ന് അന്തരിക്കും വരെ ആ കര്‍മ്മയോഗി ഗാന്ധിജിയോടുള്ള പ്രതിജ്ഞ ലംഘിക്കാതെ ഷൊര്‍ണൂരില്‍ വസിച്ചിരുന്നു.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ദണ്ഡിയിലേക്ക് ക്ഷണിച്ച് വരുത്തി താമ്രപത്രം നല്കി ആദരിച്ച ദേശാഭിമാനി രാഘവ്ജിയുടെ സ്മരണകള്‍ക്ക് മുമ്പില്‍ പ്രണാമം.
തയ്യാറാക്കിയത്: പ്രസാദ് കെ. ഷൊര്‍ണൂര്‍


