തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മരിച്ച വേണുഗോപാലന്റെ മരണ മൊഴിയില്‍ അയ്യപ്പനോ ശബരിമലയോ ഇല്ല. വേണുഗോപാലന്‍ മരിച്ചത് പിന്നാലെ
ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തൊട്ടു പിറകെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്നു. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയില്‍ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇത് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.
എന്നോട് മാത്രമാണ് സഹോദരന് സംസാരിച്ചത്. ട്യൂബ് എടുക്കുന്ന സമയം എന്നോട് സംസാരിച്ചു. മജിസ്ട്രേട്ടിനോടോ പൊലീസിനോടോ സഹോദരന് സംസാരിച്ചിട്ടില്ലെന്ന് വേണുഗോപാലന്‍ നായരുടെ അനുജന് പറയുന്നു. അയ്യപ്പന് വേണ്ടിയാണ് താന്‍ സ്വയം മരിച്ചതെന്ന് സഹോദരന് പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു. സുപ്രീംകോടതി വിധിയില്‍ ചേട്ടന് വിഷമം ഉണ്ടായിരുന്നുവെന്നും അനുജന് പറയുന്നു. വ്യക്തിപരമായ വിഷമം ഇല്ലെന്നും മണികണ്ഠന് വിശദീകരിക്കുന്നു. ഈ പ്രതികരണം ബിജെപിക്കാര്‍ ചര്‍ച്ചയാകുന്നുണ്ട്. ഒന്നും ആരോടും പറയാത്ത മണികണ്ഠന് എങ്ങനെ മരണ മൊഴി നല്‍കിയെന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇതാണ് വിവാദത്തിന് കാരണം.
എന്നാല്‍ വേണുഗോപാലന്‍ നായര്‍ മരണം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പറയുന്നു. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല.

