തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികള്‍ക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്ന നെഹ്റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു. എന്നാല്‍, വള്ളംകളി പൂര്‍ണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും പിണറായി പറഞ്ഞു.