മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആര്.റ്റി.സി.ഡിപ്പോയില്‍ നിന്നും പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട് വഴി കലൂര്‍ക്ക് 15-മിനിട്ട് ഇടവിട്ട് ആരംഭിക്കുന്ന കെ.എസ്.ആര്.റ്റി.സിയുടെ ചെയിന്‍ സര്‍വ്വീസിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 9ന് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന ചെയിന്‍ സര്‍വ്വീസ് എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്ളാഗോഫ് ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ അശോകന്, എ.റ്റി.ഒ കെ.ജി.ജയകുമാര്‍, ജനറല്‍ കണ്ട്രോള് ഇന്‍സ്പെക്ടര്‍ അനസ് ഇബ്രാഹിം, കെ.എസ്.ആര്.റ്റി.സി.യിലെ വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, ജീവനക്കാര്‍ സമ്പന്ധിക്കും.

മൂവാറ്റുപുഴ കെ.എസ്.ആര്.റ്റി.സി.ഡിപ്പോയില്‍ നിന്നും ജില്ലാ ആസ്ഥാനമായ കക്കാനാടിനടക്കം നിരവധിയളുകള് സഞ്ചരിക്കുന്ന മൂവാറ്റുപുഴ കാക്കനാട് കലൂര്‍ റൂട്ടിലെ യാത്രക്ലേഷത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏതങ്കിലും ഒരു സര്‍വ്വീസ് മുടങ്ങിയാല്‍ ബസ് കാത്ത് നില്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അടയ്ക്കം ദുരിതമനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് കെ.എസ്.ആര്.റ്റി.സി 15-മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. മൂവാറ്റുപുഴ ഡിപ്പോയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടുന്ന സര്‍വ്വീസുകളിലൊന്നാണ് മൂവാറ്റുപുഴ-കാക്കനാട്-കലൂര്‍ ബസ് സര്‍വ്വീസ്. നിലവില്‍ 40-ട്രിപ്പുകളാണ് കലൂര്‍ക്ക് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇത് 50-ഓളം ട്രിപ്പുകളായി വര്‍ദ്ധിക്കുകയും, യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവുകയും ചെയ്യും.


