ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലാണ് ബില്‍ പാസാക്കിയത്. റിട്ടയേഡ് ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സരകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്നതിനും സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുമാണ് നിയമനിര്‍മാണം. ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരായിരിക്കും സമിതി അംഗങ്ങള്‍. പ്രതിപക്ഷ നിര്‍ദേശം സഭയില്‍ ഭാഗികമായി അംഗീകരിച്ചു.
ചാൻസലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള് നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.


