തിരുവനന്തപുരം: കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണ മാറി, ഇവിടെ ചിലതുനടക്കുമെന്ന ചിന്ത ഉണ്ടായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നും അദ്ധേഹം പറഞ്ഞു. ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍ക്കാര്‍ 2016 തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍പറഞ്ഞ എല്ലാ കാര്യങ്ങളുംതന്നെ നടപ്പാക്കി. വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രദേശത്തുള്ളവരില്മാത്രം ഒതുങ്ങരുതെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുന്നേറണമെന്ന പ്രവാസി സഹോദരങ്ങളുടെ ആഗ്രഹമാണ് സമ്മേളനങ്ങളില്‍ കണ്ടതെന്നു മുഖ്യമന്ത്രി അറിയിച്ചു. അമേരിക്കയില്‍ സംഘടിപ്പിച്ച മേഖലാസമ്മേളനം വിജയകരമായിരുന്നു. മേഖലാസമ്മേളനം വിജയിപ്പിച്ചതില്‍ നാട് അങ്ങേയറ്റം സന്തോഷിക്കുന്നതായും അക്കാര്യം നാടിനുവേണ്ടി പങ്കുവെക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ടൈം സ്ക്വയറിലെ പൊതുസമ്മേളനത്തോടെ ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാസമ്മേളനം സമാപിച്ചു. വാഷിങ്ടണ്‍ ഡി.സി., ക്യൂബ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷമാകും മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങുക.


