കോട്ടയം: വിവാദമായ കെവിന് കൊലക്കേസില്‍ കെവിന്റെ ഭാര്യ നീനുവിന് മാനസീക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന ഡോക്റുടെ രേഖകള്‍ അന്വേഷണ സംഘം കോടതില്‍ ഹാജരാക്കി. നേരത്തെ, നീനു മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് കോടതി ആവശ്യപ്പെട്ടത്.
മൂന്ന് വട്ടം തന്റെ അരികില്‍ ചികിത്സയ്ക്കായി കൊണ്ടു വന്നിരുന്നുവെന്നും എന്നാല്‍ വെറും കൗണ്‍സില്‍ മാത്രമാണ് നല്‍കിയതെന്നും മാനസീകമായി നീനുവിന് ഒരു കുഴപ്പവുമില്ലെന്നും തിരുവനന്തപുരം തിരുവനന്ദപുരം അനന്ദപുരി ആശുപത്രിയിലെ ഡോ.വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ വാദം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐ ബിജു, കെവിന്റെ ബന്ധു അനീഷ് എന്നിവരുമായി നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഫോണിലൂടെ സംസാരിച്ചത് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ശബ്ദസാമ്പിള്‍ എടുക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. സുരക്ഷിതമായാണോ നീനു താമസിക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി പോലീസിനെ ചുമതലപ്പെടുത്തി. കേസില്‍ നീനുവിന്റെ അമ്മ രഹ്നയെ ചോദ്യം ചെയ്യുന്നത് നീട്ടി വെച്ചതായി ഡിവൈഎസ്പി ഗിരീഷ് പി സാരഥി അറിയിച്ചു.