കണ്ണൂര്‍: വൈദേകം റിസോര്‍ട്ട് ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവവും അടിസ്ഥാനരഹിതവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. നേരത്തെ രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി വൈദേകം റിസോര്‍ട്ട് ഉടമകള്‍ ഈ മാസം 15 ന് കരാര്‍ ഒപ്പിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുളളത് വിവാദമായതിനെ തുടര്‍ന്നാണ് വില്‍പ്പനയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. റിസോര്‍ട്ട് വിറ്റ് വിവാദത്തിന് അന്ത്യം കുറിയ്ക്കാനാണ് ഇ പി ജയരാജന് ശ്രമിക്കുന്നത്. റിസോര്‍ട്ട് വില്‍ക്കുന്നതോടെ ഇ പിയുടെ ഭാര്യ അടക്കമുള്ള നിലവിലെ ഓഹരി ഉടമകള്‍ കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാകും. ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജന്.