കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കാരണമുണ്ടായ ദുരന്തത്തെ അതിജീവിക്കുന്നതില്‍ കേരളം ഒറ്റക്കെട്ടായി നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദുരന്ത നിവാരണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട്, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാ ക്യാമ്പുകളിലും സംതൃപ്തമായ അന്തരീക്ഷമാണ് കാണാനിടയായത്. ചെറിയ ചെറിയ പരാതികള്‍ സ്വാഭാവികമാണ്. എന്നാല്‍, ആകെയുള്ള ദുരന്ത നിവാരണം കണക്കിലെടുക്കുമ്പോള്‍ തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചത്. ദുരന്ത നിവാരണത്തിനായി കൈ- മെയ്യ് മറന്ന് പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രളയക്കെടുതി വിലയിരുത്താന്‍ ആലുവയില്‍ അവലോകന യോഗം ചേര്‍ന്ന ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സാധാരണ ഒരു ലക്ഷം രൂപയാണ് നല്‍കാറുള്ളത്. എന്നാല്‍, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ അത് നാല് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വീടുകളുടേയും മറ്റ് സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ ലഭിക്കുന്നതിന് അദാലത്തുകള്‍ നടത്തും. ഈ അദാലത്തുകളില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങളും നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ഇവിടെ പാമ്പുകളും മറ്റും ഇഴഞ്ഞെത്തി ശല്യമുണ്ടാക്കുന്നുണ്ട്. പാമ്പുകളുടെ കടിയേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകളില്‍ സഹായം നേരിട്ടു നല്കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധയുണ്ടാകണം. ജില്ലയിലെ പ്രധാന റോഡുകള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല. ആരോഗ്യ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


