മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അധ്യാപകരും, ജനപ്രതിനിധികളും അവരുടെ മക്കളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ പറഞ്ഞു. മാറാടി ഗ്രാമപഞ്ചായത്തില്‍ നടന്ന മികവുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനെ കുറിച്ച് വാചാലരാകുന്ന അധ്യാപകരും, ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും തങ്ങളുടെ മക്കളെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കുന്നത് കാപട്യമാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസ അന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലുള്ളത്. ബി.ആര്.സിയുടെ നേതൃത്വത്തില്‍ മികച്ച പരിശീലനമാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ മികവ് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് മികവ് ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ മക്കളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാത്ത അധ്യാപകരും, ജനപ്രതിനിധികളും മികവുത്സവത്തില്‍ പ്രസംഗിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നത് വിരോധാഭാസമാണന്നും, ഇത്തരക്കാരെ പൊതുവിദ്യാഭ്യാസ പരിപാടികളില്‍ നിന്നും മാറ്റി നിറുത്തണമെന്നും അരുണ്‍ പറഞ്ഞു.
ചടങ്ങില്‍ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.പി.ബേബി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, മെമ്പര്‍മാരായ ബാബു തട്ടാറുകുന്നേല്‍, ബിന്ദു ബേബി, രമ രാമകൃഷ്ണന്, ടി.വി.അവിരാച്ചന്, എം.പി.ലാല്‍, ഹെഡ്മിസ്ട്രസ് എസ്.സാവിത്രി, പി.ടി.എ പ്രസിഡന്റ് പി.ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങളും, ശാസ്ത്രോത്സവവും നടന്നു.


