കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന കേസായതിനാല്‍ അധികാര പരിധിയിലല്ലായെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാതിരുന്നത്. കള്ളപ്പണ നിരോധന നിയമത്തിന്റെ കേസുകള്‍ പരിഗണിക്കാന്‍ അധികാര പരിധിയുള്ള ബെഞ്ചിന്റെ മുന്‍പാകെ ഈ കേസ് തിങ്കളാഴ്ച്ച ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിക് നിര്‍ദേശം നല്കി.
തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലാണ് എം ശിവശങ്കര്‍ ജാമ്യത്തിന് ശ്രമിച്ചത്.കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിവശങ്കറിന് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ട പോലെ സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി ആരോപിച്ചിരുന്നു.
ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.


