മൂവാറ്റുപുഴ: സംസ്ഥാനത്തെ അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്. അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്ക് ലഭിക്കുന്ന റേഷന്‍ നിലച്ചതോടെ പലസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലായൈന്ന രാഷ്ട്രദീപം വാര്‍ത്തകളെ തുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എ നിയമസഭയില്‍ സബ്മിഷനുമായെത്തിയത്.
സംസ്ഥാനത്തെ സാമൂഹ്യ നീതിവകുപ്പ് അംഗീകരിച്ചതും, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് സര്ട്ടിഫൈചെയ്തിട്ടുള്ള അഗതി മന്ദിരങ്ങളിലേയ്ക്കും, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ പെര്‍മിറ്റ് നല്കി വെല്‍ഫെയര്‍ സ്കീമില്‍ ഉള്‍പ്പെടുത്തി റേഷന്‍ അരിവിതരണം ചെയ്ത് വന്നിരുന്നതാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈവിഭാഗത്തിന് വിതരണം ചെയ്യുന്നതിനായി വര്‍ഷത്തില്‍ രണ്ട് തവണ ഭക്ഷ്യധാന്യം അനുവദിക്കും. 2017-18 ആദ്യപകുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 148.55-മെട്രിക് ടണ്‍ അരിയും, 63.67-മെട്രിക് ടണ്‍ ഗോതമ്പും അനുവദിച്ചിരുന്നു. അഞ്ച് കിലോ അരിയും, രണ്ട് കിലോ ഗോതമ്പുമാണ് ആളോഹരി വിഹിതം. എന്നാല്‍ ആവശ്യകാരുടെ എണ്ണം വര്‍ദ്ധിക്കുകയും, കേന്ദ്രാവിഹിതം കുറയുകയും, പിന്നീട് ഇല്ലാതാകുകയും ചെയ്തതോടെ ഈ സ്കീമില്‍ അരിവിതരണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2017-18 ആദ്യപകുതിയ്ക്ക് ശേഷം ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചില്ലങ്കിലും ഇവിഭാഗത്തിലെ എല്ലാ റേഷന്പെര്മിറ്റുകളും നിലനിര്ത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വെല്‍ഫയര്‍ സ്കീം കൂടുതല്‍ വിപുലീകരിക്കുന്നതിനായി തീരുമാനിക്കുകയും, ഇത് പ്രകാരം വെല്‍ഫെയര്‍ സ്കീമും, എസ്.സി, എസ്.റ്റി, ഒ.ബി.സി ഹോസ്റ്റല്‍സ് സ്കീം, കൂട്ടിചേര്‍ത്ത് പുതിയ സ്കീം നടപ്പാക്കുമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈസ്കീം പ്രകാരം സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനര്‍നിര്‍ണ്ണയം ചെയ്യുകയും, പ്രതിവര്‍ഷം 32631-മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായി നിജപ്പെടുത്തിയിട്ടുണ്ട്. പുതുക്കി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം സംസ്ഥനത്തെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലിലെ അന്തേവാസികളും അടക്കം 99441-ഗുണഭോക്താക്കളാണുള്ളത്.
ഇതിനുപുറമെ ആളോഹരി പ്രതിമാസം 15-കിലോഗ്രാം ഭക്ഷ്യധാന്യമായി കേന്ദ്രം നിജപ്പെടുത്തിയിട്ടുണ്ട്.ഇതനുസരിച്ച് പ്രതിമാസം 1491-മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനത്ത് ലഭ്യമാകും. കേന്ദ്രത്തിന്റെ പുതുക്കിയ സ്കീം പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുന്നതിനായി വെല്‍ഫയര്‍ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ വിശദാംശവും, വേണ്ടിവരുന്ന ഭക്ഷണ സാധനങ്ങളുടെ അളവും അടങ്ങിയ വിശദമായ പ്രപ്പൊസലും, ഭക്ഷ്യധാന്യത്തിന്റെ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തതിന്റെ സാക്ഷ്യ പത്രവും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ സ്കീം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 31ന് ഡല്‍ഹിയില്‍ സംസ്താന ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിലെ തീരുമാന പ്രകാരം സ്കീമിലേയ്ക്കുള്ള അലോട്ട്മെന്റ് ഉടന്‍ ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും, നിലവിലെ എല്ലാ പെര്‍മിറ്റുകള്‍ക്കും തൃപ്തികരമാകുംവിധം ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ കഴിയുമെന്നും, അര്‍ഹമായ കൂടുതല്‍ സ്ഥാപനങ്ങളെ ഉല്‍പ്പെടുത്തി പെര്‍മിറ്റ് നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി.തോലത്തമന് സബ്മിഷന് മറുപടിയായി പറഞ്ഞു.


