ടെഹ്റാന്: കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപെട്ടെന്ന വിദേശകാര്യസഹമന്ത്രിയുടെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയില്ലെന്നും, ഇതുവരെയും വൈദ്യസഹായം കിട്ടിയില്ലെന്നും കിഷ് ദ്വീപില്‍ കുടങ്ങിയ മത്സ്യതൊഴിലാളികള്‍ പുതിയ വിഡിയോ സന്ദേശത്തില്‍ പരാതിപ്പെട്ടു. സ്പോണ്‍സര്‍മാരുടെ പീഡനം തുടരുകയാണെന്ന് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളും വ്യക്തമാക്കി.
കുടിക്കാൻ വെള്ളമില്ല, പരിശോധിക്കാൻ ഡോക്ടർമാർ എത്തിയുമില്ല. കുറച്ച് ബിസ്കറ്റ് തൊഴിലുടമയെ ഏൽപ്പിച്ച് എംബസി ഉദ്യോഗസ്ഥർ മടങ്ങി. വിസയുടെ ബാക്കി തുക നൽകാതെ തിരിച്ചയ്ക്കില്ലെന്നാണ് സ്പോൺസർമാര്‍ പറയുന്നത്. ഭക്ഷണം നൽകാതെ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഒരു മലയാളി ഉള്‍പ്പടെ 340പേരാണ് കിഷ് ദ്വീപില്‍ കുടുങ്ങിയിരിക്കുന്നത്.
വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയ്ക്കില്ലെന്ന സ്പോണ്‍സര്‍മാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണെന്നാണ് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ഭക്ഷണം പോലും നല്‍കാതെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ കുടുങ്ങിയ 23 മത്സ്യതൊഴിലാളികളില്‍ 17 പേര് മലയാളികളാണ്.