തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിശ്വാസികളെ വേര്‍തിരിച്ച് മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഓരോ യോഗം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതില്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ അല്ലാത്തവരും വരുന്നുവെന്നും തൃശൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദൈവം ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ അേ്രേതത്താളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും എന്നെഴുതിയ എഴുത്തച്ഛനെ തിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം എഴുത്തച്ഛന് പുരോഗമനപരമാണ് കാര്യങ്ങളെ കണ്ടത്. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം . ആചാരങ്ങള്‍ മാറ്റാനും പരിഷ്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു. അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജ്ജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്നത് നാം മറന്നുകൂടെന്നും പിണറായി പറഞ്ഞു. 
ശബരിമലയില്‍ സര്‍ക്കാരോ ഇടതുമുന്നണിയോ പ്രത്യേകമായി ഒരു നിലപാട് എടുത്തിട്ടില്ല. 1991ല്‍ 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ഹൈക്കോടതി വിധി വന്നതിനു ശേഷം തുടര്‍ന്നിങ്ങോട്ട് ആ വിധി നടപ്പാക്കുകയാണ് ചെയ്തത്. അല്ലാതെ മറികടക്കാന്‍ നോക്കിയില്ല. പിന്നീട് 2006ല്‍ ആര്‍എസ്എസ് അനുകൂലികളായ വനിത അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
കോടതി വിധിയനുസരിച്ച് മുന്നൊരുക്കം നടത്തുന്നത് അനാവശ്യ ധൃതിയല്ല. എല്‍ഡിഎഫിനൊപ്പം അണിനിരന്ന ജനങ്ങളില്‍ പകുതിയിലധികവും സ്ത്രീകളാണ്. സ്ത്രീകളെ ശബരിമലയിലേക്ക് അയച്ച് സംഘടിപ്പിക്കുക എന്നത് എല്‍ഡിഎഫിന്റെ നിലപാടല്ല.
സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ശബിരമലയുടെ പവിത്രത തകര്‍ക്കാന്‍ വേണ്ടി ശ്രമിച്ചത് ആരാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

