മൂവാറ്റുപുഴ: പ്രളയബാധിതര്‍ക്കു സൗജന്യ നിയമസഹായത്തിനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും ബാര്‍ അസോസിയേഷനും സംയുക്തമായി ആരംഭിച്ച നീതിധാര ഹെല്‍പ്പ് ഡെസ്ക്ക് ആയവന പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ജഡ്ജി കെ.എന്‍. പ്രഭാകരന് പഞ്ചായത്ത്തല ഹെല്‍പ്പ് ഡെസ്ക്കിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം.അലിയാര് അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രാഹം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജി. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ജോര്‍ജ്, ബാര്‍ അസോസിയേഷന് സെക്രട്ടറി ജിറ്റി അഗസ്റ്റിയന്, താലൂക്ക് ലീഗല്‍സര്‍വീസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അവ പുനര്‍നിര്‍മിക്കുന്നതിന് ഇവിടെ സൗജന്യസഹായം ലഭിക്കുന്നതാണ്. മൂവാറ്റുപുഴ കോടതിസമുച്ചയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയിലെ ഹെല്‍പ്പ് ഡസ്ക്കില്‍ 15 വരെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

