ബീജിംഗ്: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി ഉയര്‍ന്നു. ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്ബോഴും ചൈനയില്‍ കൊറോണ മരണസംഖ്യ ഉയരുകയാണ്. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 81 പേര് മരിച്ചു. 2,841 പേര്‍ക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. ഇതോടെ ഹുബൈയില്‍ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി.
അതേസമയം, കൊറോണ വൈറസിന്റെ ഉറവിടത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. ചൈനയിലെ വുഹാന്‍ എന്ന നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ആദ്യമായി മനുഷ്യരിലേക്കെത്തിയത് എന്നാണ് നിലവിലെ നിഗമനം. ഭക്ഷണത്തിനുപയോഗിക്കുന്ന പല ജീവികളേയും ജീവനോടെ തന്നെ വില്പനയ്ക്ക് വയ്ക്കുന്ന മാര്‍ക്കറ്റാണിത്. അതിനാല്‍തന്നെ വൈറസ് ബാധയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമായിരുന്നു ഇത് എന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വവ്വാലാണ് ഇതിന്റെ ഉറവിടമെന്ന് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടുമില്ല.
ഇപ്പോഴിതാ വെെറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
കൊറോണയെ കുറിച്ച് ആദ്യം മുന്നറിയിപ്പു നല്കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ് (34) കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാദ്ധ്യമങ്ങളില്‍ അപ്രതീക്ഷിതമായി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റര്‍നെറ്റില്‍ കര്‍ശന നിയന്ത്രണമാണ്. ലീ വെന്‍ലിയാങ്ങിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. കൊറോണ വൈറസ് ബാധ ചൈനാ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേ ലീ മുന്നറിയിപ്പ് നല്‍കിയിരുന്നു.


