ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസ്മാരായി ഇന്ദിര ബാനര്‍ജി,വിനീത് സരണ്‍,കെ.എം.ജോസഫ് എന്നിവര്‍ സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു.ജസ്റ്റീസ് ജോസഫിനെ ജനുവരി പത്തിനു ശിപാര്‍ശ ചെയ്തതു കണക്കാക്കാതെ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്തത് ജസ്റ്റീസ് ജോസഫിന്റെ പേരായതിനാല്‍ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നായിരുന്നു കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്.
എന്നാല്‍ ജസ്റ്റീസ് കെ.എം. ജോസഫിന്റെ സീനിയോരിറ്റി വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവരേക്കാള്‍ ജൂനിയറാണ് ജസ്റ്റീസ് ജോസഫെന്നും സീനിയോരിറ്റി നിശ്ചയിച്ചത് ഹൈക്കോടതി ജഡ്ജിമാരായി നിയമനം ലഭിച്ചതു കണക്കാക്കിയാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കിയത്.
ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം മൂന്നാമതാണ് ജസ്റ്റീസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 ആയി.


