അസുന്‍സിയോണ്‍ (പരാഗ്വെ): വ്യാജ പാസ്പോര്‍ട്ടുമായി പരാഗ്വെയില്‍ പിടിയിലായ ബ്രസീല്‍ ഫുട്ബോള്‍ മുന്‍ താരം റൊണാള്ഡീഞ്ഞോയ്ക്കെതിരെ കേസെടുക്കാതെ അധികൃതര്‍. സംഭവുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോയേയും സഹോദരന് റോബര്‍ട്ടോയേയും ലോ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സഹോദരന്മാര്ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ അവര്‍ അറിയാതെ അത് ചെയ്തു- പ്രോസിക്യൂട്ടര്‍ ഫെഡറികോ ഡെല്‍ഫിനോ പറഞ്ഞു. കേസെടുത്തിട്ടില്ലെങ്കിലും സമാനമായ ശിക്ഷയ്ക്ക് ഇരുവരും തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുകയായിരിക്കും റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരനും നല്കുന്ന ശിക്ഷ. എന്നാല്‍ ഫെഡറികോ ഡെല്ഫിനോയുടെ ശിപാര്‍ശ അംഗീകരിക്കേണ്ടത് ജഡ്ജിയാണ്.
ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് പരാഗ്വെയിലെത്തിയപ്പോഴാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന് റോബര്‍ട്ടോയും പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടാ യിരുന്ന മൂന്നാമനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.


