ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്. വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് എംജി രാധാകൃഷ്ണന് പറഞ്ഞു. വിലക്കു നീക്കാന്‍ ആരെയും ബന്ധപ്പെട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ ആണ് നടപടിയെന്നും മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പറഞ്ഞു.
ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റ് മാനേജ്മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്ന് രാധാകൃഷ്ണന് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അവര്‍ അതില്‍ വിജയിച്ചെന്നാണ് കരുതുന്നത്. രാത്രിയായതില്‍ വ്യവസ്ഥ പ്രകാരം അപേക്ഷ നല്കാന് കഴിയുമായിരുന്നില്ല. ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയായിരുന്നു. ചാനല്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടില്ല. കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണന് പറഞ്ഞു.


