ടെഹ്റാന്: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. യുഎസ് പ്രതിരോധ വിഭാഗമായി പെന്റഗണിനെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെ സഹായിക്കുന്നത് ഭീകരപ്രവര്‍ത്തനമായി കണക്കാക്കും.
വെള്ളിയാഴ്ച ഇറാഖിലെ ബഗ്ദാദില്‍ യുഎസ് നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന് സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുള്‍പ്പെടെ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു. സുലൈമാനിയുടെ കബറടക്കം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇറാന്റെ പ്രഖ്യാപനം. ഇറാന് വിദേശകാര്യമന്ത്രിക്ക് വീസ നിഷേധിച്ച അമേരിക്കയുടെ നടപടിയും പ്രകോപനമായി ഇറാന് കാണുന്നു. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല.