പത്തനംതിട്ട: ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. ലളിതയ്ക്ക് നേരെ നടപ്പന്തലില്‍ വെച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. മകന്റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.
തിരിച്ചറിയില്‍ രേഖ നല്കി പ്രായം ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും നല്കിയ രേഖ മാറിപ്പോയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ ഇവര്‍ക്ക് നേരെ കൈയ്യേറ്റശ്രമവും നടത്തി. ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച പൊലീസ് പ്രായം അന്പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

