കോഴിക്കോട്: ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. നെയ്യാറ്റിന്‍കരയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഡിവൈഎസ്പിക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. യുവാവിന്റെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ സംഭവമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.
ആവശ്യമായ ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുമെന്നും ഡിവൈഎസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും പിണറായി വിജയന് വ്യക്തമാക്കി. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് ദാസിനാണ് അന്വേഷണ ചുമതല. ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്പി പി.അശോക് കുമാറും പറഞ്ഞു.
ഹരികുമാര്‍ സംഭവസ്ഥലത്ത് പോയത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും റൂറല്‍ എസ്പി കൂട്ടിച്ചേര്‍ത്തു. കൊടങ്ങാവിളയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.
കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

