ഇടുക്കി: വണ്ണപ്പുറം മുണ്ടന്‍ മുടിയിലെ കൂട്ടകൊലപാതകത്തില്‍ പ്രധാന പ്രതികളായ രണ്ടു പേരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരനായ അനീഷും കാരിക്കോട് സ്വദേശിയായ സുഹൃത്ത് ലിബീഷും ചേര്‍ന്നാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതില്‍ ലിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അനീഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തില്‍ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.
കമ്പകക്കാനം കൂട്ടക്കൊലയില്‍ നിര്‍ണ്ണായക അറസ്റ്റ് ഉടനുണ്ടാകും..?
ഉഗ്രമന്ത്രവാദിയായ കൃഷ്ണന് കൊല്ലപ്പെട്ടാല്‍ മാന്ത്രിക ശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്. വര്‍ഷങ്ങളായി അനീഷും ആഭിചാര ക്രിയകള്‍ നടത്താറുണ്ടായിരുന്നു. അടുത്തിടെ തന്റെ ക്രിയകള്‍ ഫലിക്കാതെ വന്നതോടെയാണ് കൂടുതല്‍ സിദ്ധി നേടാന്‍ അനീഷ് ആലോചിച്ചത്. കൃഷ്ണനെ കൊന്നാല്‍ അയാളുടെ മന്ത്രശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന് അനീഷ് ഉറച്ച് വിശ്വസിച്ചു. തുടര്‍ന്നാണ് സുഹൃത്ത് ലിബീഷുമായി ചേര്‍ന്ന് കൃഷ്ണനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി. ആറ് മാസം മുമ്പാണ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

മുന്‍നിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ ആക്രമിച്ചതോടെ ആടുകള്‍ കരഞ്ഞു. ഇതുകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. കൃഷ്ണന് മരിച്ചുവെന്നു കരുതി വീട്ടിനുള്ളില്‍ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയില്‍ ശബ്ദം കേട്ട് ആര്‍ഷ (21) ഉണര്‍ന്നു. ഇതോടെ അനീഷുമായി ആര്‍ഷ ഏറ്റുമുട്ടി. ആര്‍ഷയുടെ ചെറുത്തുനില്പിനിടയില് അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആര്‍ച്ചയെ കീഴ്പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് അര്‍ജുനെ (18)? തലയ്ക്കടിച്ചത്. പിന്നീട് വീട്ടില്‍ പരിശോധന നടത്തി അലമാരയിലുണ്ടായിരുന്ന രൂപയും ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങളും കവര്‍ന്നു. അതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങവെ അര്ജുന് അര്‍ദ്ധ ബോധാവസ്ഥയില്‍ ഇരിക്കുന്നത് കണ്ടു. ഇതോടെ വീണ്ടും പൈപ്പ് കൊണ്ട് അര്‍ജുന്റെ തലയ്ക്കടിച്ചു. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ അങ്ങനെ കിടന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുവാന്‍ ഇവര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയോടെ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് ആട്ടിന്‍തൊഴുത്തിനോട് ചേര്‍ന്ന് കുഴിയെടുത്ത ശേഷം ജഡങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു.


